Latest Blogs

What's New at Motta Global

Overcoming Body Shaming: The Power of Self-Confidence

2025 Jan 22

ഇതിനോടകം തന്നെ പലരും ചർച്ച ചെയ്ത, ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് ഞാൻ പറയാൻ പോകുന്നത് - ബോഡിഷെയ്മിങ്ങ്!

ഏതാനും വർഷങ്ങൾക്ക് മുൻപ് ക്വാഡൻ എന്ന ഒൻപതു വയസ്സുകാരൻ ബാലൻ തനിക്കുള്ള ഉയരക്കുറവുമൂലം നേരിടുന്ന പരിഹാസശരങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ മരിക്കാൻ സഹായം അഭ്യർത്ഥിച്ച് തന്റെ മാതാവിനോട് കരയുന്ന രംഗം ലോകം മുഴുവൻ ചർച്ചയായി. അഭൂതപൂർവ്വമാം വിധം ഒറ്റക്കെട്ടായി ലോകം ആ ബാലന്റെ ഒപ്പം നിന്നു. അവന്റെ കണ്ണീരൊപ്പി. ബോഡിഷെയ്മിങ്ങ് എന്നത് ഒരു വ്യക്തിയെ എത്ര കണ്ട് നിഷ്കാസിതനാക്കുന്നു എന്നതിന്റെ ഒരു തെളിവാണ് ആ കൊച്ചുബാലന്റെ വലിയ സങ്കടം.

2022-ൽ കോഴിക്കോട്ടുള്ള ഒരു യുവാവ് , തന്റെ തലമുടി ദാരുണമായികൊഴിഞ്ഞതിന്റെ സങ്കടത്തിൽ ആത്മഹത്യ ചെയ്ത വാർത്ത കാണാൻ ഇടയായതും ഈ വേളയിൽ സ്മരണയിൽ വരുന്നു. ഒരു പക്ഷെ താൻ നേരിടേണ്ടിവരുന്ന ബോഡി ഷെയിമിങ്ങിനെ അതിജീവിക്കാൻ പറ്റാതെ ആ പാവം ചെയ്തു പോയതായിരിക്കാം അത്.

നിറത്തിന്റെ, രൂപത്തിന്റെ, ഉച്ചാരണത്തിന്റെ, നടത്തത്തിന്റെ, സ്വത്വത്തിന്റെ എന്നു വേണ്ട എല്ലാ തലത്തിലും തങ്ങളുടേതല്ലാത്ത കുറ്റത്തിന് ആളുകൾ ബോഡിഷെയ്മിങ്ങിനു ഇരകൾ ആകുന്നു. ചില അനുഭവങ്ങൾ പറയാം.

2002- 2009 കാലഘട്ടം.

"ഡാ മീശ വച്ചൂടെ നിനക്ക്.'' ഇതൊരു മാതിരി...."

"ഒരു മാതിരി ? ബാക്കി പറയ് ചേട്ടാ "

" ഒന്നൂല്യേയ്"

കാലഘട്ടം: 2010 മുതൽ ...

"നിനക്ക് നാണമാവില്ലേ ഇങ്ങനെ മീശയില്ലാതെ നടക്കാൻ ? ഒന്നുമില്ലെങ്കിലും നീ പോലീസല്ലേ ?"

"അതെന്താ പോലീസായാല് ക്ലീൻഷേവ് പറ്റില്ലാന്ന് ണ്ടോ?"

''അതല്ല, മീശ വേണം ആണായാൽ."

"ഓഹോ, ചേട്ടൻ എന്നിട്ട് മീശ വച്ച് എന്തൊക്കെ നേടി ?''

"അതിപ്പൊ... ദേ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാ ട്ടോ "

"എനിക്കൊരു വിഷമവുമില്ല ചേട്ടാ, പറഞ്ഞപ്പൊ ചേട്ടനു സന്തോഷായെങ്കിൽ എനിക്കത് മതി. പിന്നെ, മീശയില്ലാത്തത്, ഇത് എന്റെ സ്റ്റൈൽ. എന്റെ ഇഷ്ടം."

കൗമാരക്കാലത്ത് ത്വക്കിൽ വന്ന ഒരു അസുഖം മൂലം തലയിലെ മുടിയും മീശരോമങ്ങളും കാര്യമായ രീതിയിൽ കൊഴിഞ്ഞു പോയിരുന്നു എനിക്ക്.അക്കാലത്ത് ഒരിക്കൽ ബാർബർ ഷോപ്പിൽ പോയപ്പോൾ എന്റെ മുഖത്തെ പാടുകൾ കണ്ട് മുടി വെട്ടാൻ ബാർബർ വിസ്സമ്മതിച്ചതും വേഗം സ്ഥലം കാലിയാക്കാൻ പറഞ്ഞതും ഓർമ്മ വരുന്നു.

ഏതായാലും കൃത്യമായ ചികിത്സ നടത്തിയതിനാൽ എന്റെ അസുഖം പൂർണ്ണമായും ഭേദമായി.പിന്നീട്, മുടി കിളിർത്തപ്പോൾ പക്ഷെ മീശയുടെ നടുഭാഗത്ത് ശൂന്യതയായി. ഏതൊരു ശരാശരി യുവാവിന്റെയും ഉള്ളിൽ ഉള്ള സമൃദ്ധമായ മീശ എന്ന സ്വപ്നം എനിക്ക് സാധ്യമല്ല എന്ന് ബോധ്യമാവാൻ സമയം കുറെ എടുത്തു. ആദ്യകാലങ്ങളിൽ "ചൈനാ മീശ " എന്ന വിളികൾ എന്നെ അലസോരപ്പെടുത്തിയിരുന്നു. പിന്നെ ഏതോ ഒരു ദിവസം അപകർഷതയുടെ കൂമ്പാരത്തിന്റെ മുകളിൽ മുള പൊട്ടിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ മുഖം ക്ലീൻഷേവാക്കി "ചാക്കോ മാഷെ ലോകം ഇനി ഇങ്ങനെ കണ്ടാൽ മതി" എന്നങ്ങു തീരുമാനിച്ചു. അന്ന്, ഇനി തിരിച്ചവരാത്ത വിധം പിണങ്ങി നാടുവിട്ടു പോയതാണ് എന്റെ അപകർഷത. ഇനി ആ സുഹൃത്തുമായി ചങ്ങാത്തം വേണ്ടെന്ന് ഞാനും അങ്ങ് തീരുമാനിച്ചു. അതു കൊണ്ട് ഇപ്പോൾ അത്തരം പരിഹാസങ്ങൾ പോസിറ്റീവ് ആയി ആസ്വദിക്കാൻ പറ്റുന്നു.

ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്ക് ഉള്ള നേട്ടങ്ങൾ എന്താണ് എന്നു ചിന്തിച്ചിട്ടുണ്ടോ ? ഏതോ സിനിമയിൽ ഷാജു നവോദയയുടെ കഥാപാത്രം പറയുന്നതു പോലെ 'വെറുതെ... ഒരു സുഖം!' എന്നതിന്റെ അപ്പുറത്തേക്ക് അവർക്ക് ഒന്നും തന്നെ നേട്ടമായി ലഭിക്കുന്നില്ല. നേട്ടങ്ങളില്ലാത്ത അവരുടെ അര നേരത്തെ ചിരി പോലും അത്തരം വലിയ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്നവന്റെ നീറ്റലിൽ കൊരുത്തതാണ്.

പുഴയുടെ തീരത്തു നിന്ന് വെള്ളം നക്കിക്കുടിക്കുന്ന സാധുമൃഗം തന്റെ പ്രതിബിംബം കാണുമ്പോൾ ശത്രുവെന്ന് കരുതി പേടിക്കുന്നു. മറിച്ച് വെള്ളത്തിലിറങ്ങിക്കുടിക്കുന്ന മൃഗം ഒന്നു നനയുമെങ്കിലും ആത്മവിശ്വാസത്തോടെ ശാന്തമായി വെള്ളം കുടിക്കുന്നു, ദാഹം അകറ്റുന്നു. അല്പം കഴിഞ്ഞാൽ അതിന്റെ ദേഹത്തെ നനവും ഉണങ്ങുന്നു.

ഒരു പ്രശ്നത്തെ മറിക്കടക്കുവാൻ ഏറ്റവും എളുപ്പമാർഗ്ഗം ആ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാതെ അതിനെ നേരിടുക എന്നതു തന്നെയാണ്. തുടക്കത്തിൽ നേരിയ പരിഭ്രമം ഉണ്ടായേക്കാമെങ്കിലും നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ, നമ്മൾ നമ്മുടെ ന്യൂനതകളെ എല്ലാം തന്നെ സാധ്യതകൾ ആക്കാൻ പ്രാപ്തരാകും വിധം വളർച്ച കൈവരിക്കും എന്നത് തീർച്ചയായ കാര്യമാണ്. നമ്മൾ നിർത്തി എന്നു മറ്റുള്ളവർ ധരിച്ചിടത്തു നിന്ന് തുടങ്ങുന്നതാണ് ഏറ്റവും വലിയ വിജയവും സ്വയമുള്ള പ്രചോദനവും.

Your Promotion and demotion lies within yourself. Then why can't you always choose promotion?

Real motivation lies within yourself only. Excavate it at the earliest.


അരുൺ കുന്നമ്പത്ത്

( ലേഖകൻ സീനിയർ സിവിൽ പോലീസ് ഓഫീസറും എഴുത്തുകാരനുമാണ് )

Recent Posts

ദേഹനിന്ദ: കൂട്ടായ പ്രവർത്തനത്തിലൂടെ ചെറുക്കേണ്ട സാമൂഹിക വിപത്ത്

2025 Jan 22

READ MORE

ബോഡിഷെയ്മിങ്ങിനെ നേരിടാം: ആത്മവിശ്വാസത്തിന്റെ ശക്തി

2025 Jan 22

READ MORE

A Visual Journey: Cartoons and Celebrity Voices Against Body Shaming

2025 Jan 22

READ MORE